കോന്നി: വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപ്പിലാക്കുന്ന പരീക്ഷണങ്ങളെയെല്ലാം കാട്ടാനക്കൂട്ടം തകർത്തെറിയുകയാണ്. കുളത്തുമണ്ണിൽ ജനവാസമേഖലയോടു ചേർന്ന റബർ തോട്ടത്തിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവത്തിനു പിന്നാലെ, 2025 മേയിലാണ് കാട്ടാനകളെ തുരത്താനായി വനംവകുപ്പ് ഈ ഭാഗത്ത് പ്രത്യേക പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ചത്. കാട്ടാനയുടെ സാന്നിധ്യമുണ്ടായാൽ സ്വയം തിരിച്ചറിഞ്ഞ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ അലാറം കേട്ട് ആനകൾ ഭയന്നോടുമെന്നായിരുന്നു വനംവകുപ്പിന്റെ അവകാശവാദം.
പ്രദേശവാസികളെക്കൂടി ഉൾപ്പെടുത്തി നിരീക്ഷണ സമിതിയെയും ഇതിനായി വനംവകുപ്പ് നിയോഗിച്ചു. എന്നാൽ, സംവിധാനം വന്നു മാസങ്ങൾ പിന്നിട്ടിട്ടും ഇതേ സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടം അനായാസം തിരിച്ചെത്തുന്നു എന്നതാണ് യാഥാർഥ്യം. അലാറത്തിന്റെ ശബ്ദത്തെപ്പോലും വകവയ്ക്കാതെ കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും കടക്കുമ്പോൾ, വനംവകുപ്പിന്റെ ഇത്തരം തട്ടിക്കൂട്ട് പരീക്ഷണങ്ങൾ വെറും പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുളത്തുമണ്ണിലും പരിസര പ്രദേശങ്ങളിലും ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനു പകരം അലാറവും നിരീക്ഷണ കാമറയും വച്ച് കൈകഴുകുന്ന നിലപാടാണ് അധികൃതരുടേതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികളും വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. വേലികൾക്കു മുകളിലേക്ക് മരങ്ങൾ മറിച്ചിടുകയോ വൃക്ഷശിഖരങ്ങൾ അടർത്തിയിടുകയോ ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് ആനയുടെ രീതി. പിന്നാലെ വേലി ചവിട്ടിപ്പൊളിക്കും. എന്നിരുന്നാലും സോളാർ വേലികൾ മാത്രമേ നിലവിൽ ആനയെ പ്രതിരോധിക്കാനുള്ള സംവിധാനമായി വനംവകുപ്പിനു നൽകാനുള്ളൂ. കൂടുതൽ പ്രദേശങ്ങളിൽ സോളാർ വേലികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
വനാതിർത്തിയിൽ കിടങ്ങുകൾ കുഴിച്ച് ആനയുടെ വരവ് തടയണമെന്ന നിർദേശമുണ്ടായെങ്കിലും ഇതു നടപ്പാക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. കിടങ്ങ് കുഴിക്കുന്നത് വനമേഖലയിലായിരിക്കണമെന്ന ആവശ്യം ഉണ്ടായതോടെ ഇതിനു കേന്ദ്രാനുമതി ആവശ്യമാണെന്നായിരുന്നു വനംവകുപ്പ് നിലപാട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചില പ്രദേശങ്ങളിൽ കിടങ്ങ് കുഴിക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടുണ്ട്.
കാട്ടിനുള്ളിലും സോളാർ വേലി
വടശേരിക്കരയിൽ വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ സംരക്ഷിക്കാൻ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. സാധാരണക്കാരുടെ കൃഷിയിടം സംരക്ഷിക്കാൻ വനാതിർത്തിയിൽ പോലും വേലി സ്ഥാപിക്കാൻ മടിക്കുന്ന വനംവകുപ്പാണ് കാട്ടാനയുടെ കാട്ടിലെ സഞ്ചാരപഥം തടഞ്ഞു വനത്തിനുള്ളിൽ സോളാർ വേലി സ്ഥാപിച്ചത്.
ഈ വേലികൾ കടന്നാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നതെന്നതും ശ്രദ്ധേയം. വനത്തിനുള്ളിലെ യാത്ര തടഞ്ഞപ്പോൾ കാട്ടാനകൾക്കടക്കം നാട്ടിലേക്ക് ഇറങ്ങുകയേ മാർഗമുണ്ടായിരുന്നുള്ളൂ. വനംവകുപ്പ് സ്ഥാപിച്ച വേലികൾ പലയിടത്തും പ്രവർത്തന സജ്ജമല്ല. വേലികളുടെ ബാറ്ററി ചാർജ് തീർന്ന് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചിലയിടത്ത് വനസംരക്ഷണ സമിതികൾ ബാറ്ററി ചാർജ് ചെയ്യാറുണ്ട്. . അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ വേലികൾ ദ്രവിച്ചു പോകുന്നുമുണ്ട്.
കോന്നി വനം ഡിവിഷനിൽ 63 കിലോമീറ്ററിലും റാന്നിയിൽ 52 കിലോമീറ്ററിലുമാണ് വേലിയുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് വേലി സ്ഥാപിക്കാനുള്ള പദ്ധതിയുമായാണ് വനംവകുപ്പ് ഇപ്പോൾ നീങ്ങുന്നത്.
ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞാൽ ഭൂവുടമ പ്രതിക്കൂട്ടിൽ
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന ചരിഞ്ഞാൽ പ്രതിക്കൂട്ടിലാകുക ബന്ധപ്പെട്ട ഭൂവുടമയായിരിക്കും. കഴിഞ്ഞവർഷം കുളത്തുമണ്ണിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേസെടുത്തത് കൈതകൃഷി നടത്തിയവരുൾപ്പെടെയുള്ളവർക്കെതിരേയാണ്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവർ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ടു. ജനവാസ മേഖലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞുവെന്നതായിരുന്നു കേസ്. കാട്ടാനയുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വേലിയിൽ നിന്ന് ആനയ്ക്ക് ഷോക്കേറ്റുവെന്നായിരുന്നു കണ്ടെത്തൽ. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ ആനയെ ആകർഷിക്കുന്ന കൃഷി രീതികൾ പാടില്ലെന്നാണ് വനംവകുപ്പ് നിർദേശം.
കൈതച്ചക്ക കൃഷി പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് അവർ പറയുന്നു. കൈതക്കൃഷി ഉണ്ടെങ്കിൽ ആനയെ ഒരു തരത്തിലും പിന്തിരിപ്പിക്കാനാകില്ലത്രേ. പ്ലാവിൽ ചക്ക വിരിയുന്ന ഘട്ടത്തിലും വിദൂരങ്ങളിലേക്ക് ആന എത്തും. അടുത്തവർഷം മുതൽ കർഷകരുടെ പുരയിടങ്ങളിലെ ചക്ക വനംവകുപ്പ് വില കൊടുത്തു വാങ്ങണമെന്ന നിർദേശം മന്ത്രി തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്.
14 വില്ലേജുകൾ ആക്രമണ ഭീഷണിയിൽ
കാട്ടാനയുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 വില്ലേജുകളിൽ ഭീതി നിലനിൽക്കുന്നുണ്ട്. വനംവകുപ്പിന്റെ പക്കലുള്ള കണക്കുകളിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സമീപകാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.
2008 മുതൽ വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പ്രോജക്ട് എലിഫന്റ് വിഭാഗവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇത്തരത്തിൽ 214 വില്ലേജുകളാണ് പട്ടികയിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, പെരുനാട്, തണ്ണിത്തോട്, ഐരവൺ, കോന്നി താഴം, കൊല്ലമുള, കൂടൽ, മലയാലപ്പുഴ, വടശേരിക്കര, പഴവങ്ങാടി, കലഞ്ഞൂർ, ചേത്തയ്ക്കൽ വില്ലേജുകളാണ് കാട്ടാന ആക്രമണം നടന്നിട്ടുള്ള സ്ഥലങ്ങളായി കണ്ടെത്തിയിരിക്കുന്നത്.
വനമേഖലയുടെ വിസ്തൃതി
സംസ്ഥാനത്തെ ഏറ്റവും വലിയ വനം ഡിവിഷനാണ് റാന്നി. ഏകദേശം 911.12 ചതുരശ്ര കിലോമീറ്റർ വനമേഖലയും 760.92 കിലോമീറ്റർ വനാതിർത്തിയും റാന്നി വനംഡിവിഷനുമായി ബന്ധപ്പെട്ടുണ്ട്. ശബരിമല, ഗവി കാടുകൾ ഇതിന്റെ പരിധിയിലാണ്. ആന, കടുവ സംരക്ഷണ മേഖലകളായി തന്നെ റാന്നി വനമേഖലയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈർഘ്യമേറിയ വനാതിർത്തിയിൽ നിരവധി ജനവാസ മേഖലകളും കൃഷിയിടങ്ങളും ചേർന്നുകിടക്കുന്നതിനാൽ വന്യജീവി സംഘർഷം നിയന്ത്രിക്കന്നത് വലിയ വെല്ലുവിളിയാണ്.
കാട്ടാന മുതൽ കാട്ടുപന്നി വരെയുള്ള മൃഗങ്ങളുടെ കടന്നുകയറ്റം കൃഷിയിടങ്ങൾക്കും മനുഷ്യരുടെ സുരക്ഷയ്ക്കും ഒരേപോലെ ഭീഷണിയാകുകയാണ്.
റാന്നി വനം ഡിവിഷനിലെ റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളിലായി നിരവധി പ്രദേശങ്ങൾ വന്യജീവി സംഘർഷ സാധ്യതയുള്ള മേഖലകളായി വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, മണക്കയം, ഗുരുനാഥൻമണ്ണ്, ആങ്ങമൂഴി, തണ്ണിത്തോട്, തെക്കുതോട്, ഗവി ഉൾപ്പെടെയുള്ള വനാതിർത്തി പ്രദേശങ്ങളിലാണ് പ്രശ്നം കൂടുതൽ പ്രകടമാകുന്നത്.
വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് കർഷകരാണ്. കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്നത് പതിവായതോടെ കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിക്കുന്നു. കാട്ടാനകളുടെ സാന്നിധ്യം വാഴ, തെങ്ങ്, അടയ്ക്ക തുടങ്ങിയ വിളകൾക്കും നാശമുണ്ടാക്കുന്നു.
ഒരു രാത്രിയിലെ വന്യമൃഗ ആക്രമണം മാസങ്ങളോളം അധ്വാനിച്ച് വളർത്തിയ വിളകൾ നശിപ്പിക്കുന്ന അവസ്ഥയുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസവും ലഭിക്കുന്ന തുക യഥാർഥ നഷ്ടത്തിന് ആനുപാതികമല്ലെന്ന പരാതിയും കർഷകർക്കുണ്ട്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയും വിവിധ മേഖലകളിൽ കൃഷിനാശത്തിനും മനുഷ്യർക്ക് അപകടത്തിനും കാരണമാകുന്നു.
വന്യമൃഗ സംരക്ഷണവും മനുഷ്യരുടെ സുരക്ഷയും ഒരേപോലെ ഉറപ്പാക്കുന്ന ദീർഘകാല പദ്ധതിയാണ് റാന്നിക്ക് ആവശ്യമെന്ന് കഴിഞ്ഞയിടെ വടശേരിക്കരയിൽ ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ മന്ത്രി ഷിബു ബേബി ജോണിനോടു കർഷകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പഠിച്ചു കർഷക സംരക്ഷണത്തിനു ചെയ്യാനാകുന്ന പദ്ധതികൾ തയാറാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
(തുടരും)